തിരുവല്ല : കാരയ്ക്കൽ- മേപ്രാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി. യാത്രക്കാർക്ക് അപകടകരമാം വിധം ചെളിക്കുണ്ടുകളും കുഴികളും നിറഞ്ഞ റോഡിൽ സ്കൂൾ കുട്ടികളടക്കം ദിവസം നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. മഴ പെയ്തതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ചെളിക്കുഴികളായി മാറിയിട്ടുണ്ട്.
ഇരുചക്രവാഹന യാത്രികർക്ക് രാത്രി കാലങ്ങളിലുള്ള യാത്ര അതീവ ദുഷ്കരവും അപകടവുമായിരിക്കുകയാണ്.പെരിങ്ങര പത്താം വാർഡ് സ്വദേശി ഗോകുൽ കഴിഞ്ഞയാഴ്ച എസ്എൻഡിപിക്ക് മുന്നിലെ ചെളിക്കുഴിൽ വീണ് സാരമായി പരിക്കേറ്റു. സ്കൂട്ടറുകളിൽ എത്തുന്ന സ്ത്രീകളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയും കാൽ നടയാത്രക്കാർക്ക് പോലും ഭീഷണിയാവുന്ന തരത്തിലാണ് റോഡിന്റെ അവസ്ഥ.
റോഡിന്റെ തകർച്ച കാരണം ഓട്ടോ,ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നു.
ജലഅഥോറിറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡിൽ നടത്തിയ അറ്റകുറ്റപ്പണികളും റോഡിന്റെ തകർച്ചയ്ക്ക് കാരണമായതായി പ്രദേശവാസികൾ പറയുന്നു. പെരിങ്ങര കോസ്മോസ് ജംഗ്ഷൻ മുതൽ ഉണ്ടപ്ലാവ് ജംഗ്ഷൻ വരെയുള്ള റോഡുകളും തകർന്നു കിടക്കുകയാണ്.പെരിങ്ങര പാലം മുതൽ ചാത്തങ്കേരി കൊച്ചാരിമുക്ക് ജംഗ്ഷൻ വരെയുള്ള സ്ഥലം അടുത്തിടെ നവീകരണം പൂർത്തീകരിച്ചിരുന്നു.